2009, ജൂൺ 2, ചൊവ്വാഴ്ച

പ്രഭാത പൂ പുഞ്ചിരി



ഒരൊറ്റ ചിരി മതി അവളുടെ അമ്മയ്ക്ക് 10 മാസം ചുമന്ന വേദന മറക്കാന്‍ !



....

2009, ജനുവരി 25, ഞായറാഴ്‌ച

ഒരു അച്ഛന്റെ സ്വപ്നങ്ങള്‍...

മക്കളെ പറ്റി സ്വപ്നം കാണാത്ത വല്ലവരുമുണ്ടോ? മക്കള്‍ മിടുക്കരാകണമെന്ന്‌ ആഗ്രഹിക്കാത്തവരുണ്ടോ? എന്റെ അച്ഛനും ഉണ്ടായിരുന്നു എന്നെ പറ്റി ഒരു സ്വപ്നം; ഞാന്‍ ഒരു സിവില്‍ എഞ്ചിനിയറായി കാണണമെന്ന്‌ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു; പക്ഷേ നടന്നില്ല; ചെറിയ മാറ്റങ്ങളോടെ ഞാന്‍ ഒരു കമ്പ്യൂട്ടര്‍‌ എഞ്ചിനിയറായി.

ഇപ്പോള്‍‌ ഞാനും ഒരു പെണ്‍‌ കൊച്ചിന്റെ അച്ഛനായി. അപ്പോള്‍ പിന്നെ ഞാനും സ്വപ്നം കാണണ്ടേ? അവളെ എന്താക്കണം ; അവളെ ആരാക്കണം ; അവളെ ആരുടെയാക്കണം (എന്റെ രണ്ടു സുഹൃത്തുക്കള്‍‌ക്ക്‌ ഏതാണ്ട് രണ്ടു മൂന്നു കൊല്ലം മുമ്പു രണ്ട് ആണ്‍‌ കൊച്ചുങ്ങള്‍‌ ജനിച്ചിരുന്നു ;-) എന്തൊക്കെ കണ്‍ഫ്യൂഷന്‍സ്!!!

എന്നെ പോലെ ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയറാക്കിയാലോ? മഷിത്തണ്ടിന്റെ ഭാവി പ്രവര്‍‌ത്തനങ്ങള്‍‌ ചുക്കാന്‍ പിടിക്കാന്‍ ഒരാളാകുമല്ലോ. അവളെപ്പോഴൊക്കെ അനന്തതയുടെ വിഹായസ്സിലേക്ക് നോക്കിയോ അപ്പോഴൊക്കെ മറ്റുള്ളവര്‍ കളിയാക്കും ; ഇപ്പോഴേ പ്രോഗ്രാമിങ് തുടങ്ങി എന്നു പറഞ്ഞ്. അവളുടെ അമ്മയെ എന്തൊക്കെ പറഞ്ഞുപറ്റിച്ചാണ് പാതിരാത്രി മഷിത്തണ്ടിന്റെ ആദ്യകാല കോഡിങ് നടത്തിയെതെന്ന്‌ എനിക്കു മാത്രമേ അറിയൂ. കമ്പനിയില്‍ ഇതിനുമാത്രം പണിയോ എന്നു അവള്‍‌ വിചാരിച്ചു കാണും; പാവം!

ഇനിയിപ്പോള്‍ എന്തു ഞാന്‍ സ്വപ്നം കാണും ? അവളെ ഒരു ഡോക്ടറാക്കിയാലോ ? അവളുടെ അപ്പാപ്പന്‍‌ ഒരിക്കല്‍‌ എത്തിപിടിക്കാന്‍‌ ശ്രമിച്ചതാണ് ; പക്ഷേ എന്തുചെയ്യാം പരീക്ഷയുടെ തലേദിവസം ഫ്ലൂ പിടിപ്പെട്ടു കിടപ്പിലായി (സരോജ് കുമാര്‍‌- ഉദയനാണ് താരം). അല്ലെങ്കില്‍‌ പാരമ്പര്യരോഗമായ ബിസിനസ്സ് ലോകത്തിലേക്ക് തുറന്നു വിട്ടാലോ? അല്ലെങ്കില്‍‌ അവളുടെ ഒരേയൊരു അമ്മായിയുടെ ദിശയിലേക്ക്, ഫാര്‍‌മസ്സിയുടെ ആഴകയങ്ങളിലേക്ക്, തള്ളിയിട്ടാലോ? ഡൌട്ട് ചോദിച്ചാല്‍‌ പറഞ്ഞു കൊടുക്കാന്‍ ഒരാളുണ്ടല്ലോ. അല്ലെങ്കില്‍ ഒരു വാദ്യാരാക്കാം. സമയാസമയത്തിനു വീട്ടില്‍‌ എത്തുമല്ലോ?

സത്യത്തി‌ല്‍ അവളൊരു കമ്പ്യൂട്ടര്‍‌ എഞ്ചിനിയറായില്ലെങ്കിലും എനിക്കു പരാതിയില്ല. ഒരു നാനോ ടെക്നോളജി സ്പെഷ്യലിസ്റ്റോ മറ്റോ ആയാലും തരക്കേടില്ല. ഇനി അവള്‍ പേരുവാശി (അമ്മാമ്മ) യുടെ ഇഷ്ടം തലക്കു പിടിച്ചു വല്ല ജാതിക്കാ കൃഷിക്കെങ്ങാനും ഇറങ്ങിയാലും ഞാന്‍ ഹാപ്പി. ഇതൊക്കെ ഭംഗിയായി അവള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ദൌത്യമേ എനിക്കുള്ളൂ... അവള്‍ തിരഞ്ഞെടുക്കട്ടെ അവള്‍ എന്തായി തീരണമെന്ന്‌... അതില്‍‌ കൂടുതല്‍‌ ആശിച്ചിട്ടു കാര്യമിണ്ടെന്നു തോന്നുന്നില്ല. ‘കുന്നോളം മോഹിച്ചാലേ കുന്നികുരുവിനോളം കിട്ടൂ’, ‘മക്കളെ കണ്ടും മാമ്പൂ മണ്ടും മോഹിക്കരുത്’ എന്ന രണ്ടു പഴഞ്ചൊല്ലുകളും പരസ്പരം തല്ലി തീര്‍ക്കട്ടേ, നമുക്ക് വൈറ്റ് ചെയ്യാം.

എന്നിരുന്നാലും അവളെ പറ്റി ചില ആഗ്രഹങ്ങള്‍‌ ഇല്ലാതില്ല; അതിലൊന്ന്, സാംസണ്‍ എന്ന എന്റെ ബൈക്ക് അവള്‍‌ ബാഗ്ലൂരില്‍‌ നിന്നു തൃശ്ശൂര്‍‌ വരെ ഓടിച്ച് തിരിച്ചു വരുന്നതാണ്.



ആഗ്രഹം തോന്നാന്‍ കാരണം: ലളിതം, എനിക്കു കഴിയാഞ്ഞത്‌ എന്റെ പിള്ളേര്‍‌ക്കെങ്കിലും കഴിയട്ടേ.

എനിക്കോ എന്റെ അപ്പന്‍‌ സമ്മതം തന്നിട്ടില്ല; അവള്‍‌ക്കെന്തായാലും ആ ഗതി വരാതിരിക്കട്ടേ.

അവളുടെ മുമ്പില്‍‌ മറ്റു ചില തടസ്സങ്ങള്‍‌ ഉണ്ടാകാന്‍ സാധ്യതയുള്ളത് അവളുടെ അമ്മ തന്നെയ്യായിരിക്കും, അപ്പാപ്പനേക്കാള്‍‌ കൂടിയ പ്രതിഷ്ഠയാണ് കക്ഷി. മറ്റൊന്ന്‌ അവെഞ്ചെറിന് ഇരുപത് കൊല്ലത്തെ ആയുസ്സുണ്ടോ എന്നതാണ്. ഉം... ബൈക്കിനുപകരം ഹെലികോപ്ടറോ സാദാ സൈക്കിളോ അത്രയും ദൂരം എന്റെ മകള്‍‌ പറത്തിയാലും മതി. ഞാന്‍ ഡബിള്‍‌ ഹാപ്പി.

-YaSJ
(മകളുടെ അച്ഛന്‍‌ )